സാഹിത്യം തുടങ്ങിയ കലകളുടെയും മറ്റ് ശാസ്ത്രങ്ങളുടെയും ശോഭനമായ പോഷണത്തിനുവേണ്ടിമാത്രം നടത്തപ്പെടുന്ന പണ്ഡിതസംഘത്തെയാണ് അക്കാദമി എന്ന പേരിൽ അറിഞ്ഞുവരുന്നത്. ക്രിസ്തുവർഷാരംഭത്തിനുമുമ്പുതന്നെ അക്കാദമിയെപ്പറ്റി ഈ ബോധം ജനങ്ങൾക്ക് ഉണ്ടായിരുന്നു. എവിടെയും അക്കാദമികൾ രൂപംകൊണ്ടിട്ടുള്ളത്, പണ്ഡിതന്മാർ സ്വയമായോ ഗവർമെണ്ടിന്റെ ആഭിമുഖ്യത്തോടും ആനുകൂല്യത്തോടുംകൂടിയോ ഒത്തൊരുമിച്ച് പരിശ്രമിച്ചിട്ടാണ്. ഏതു രീതിയിൽ ഉടൽ പൂണ്ടാലും, അക്കാദമിയുടെ നടത്തിപ്പിനുള്ള ഒരേയൊരു പ്രേരണ നിസ്വാർത്ഥവും നിഷ്‌കളങ്കവുമായ വിജ്ഞാനോൽകർഷത്തിനുള്ള വാഞ്ഛയാണ്.
-അക്കാദമിയും സാഹിത്യവും-സുകുമാർ അഴീക്കോട്
കേരളത്തിലെ സാംസ്‌കാരികസ്ഥാപനങ്ങളിൽ നെടുനായകത്വം വഹിക്കുന്ന സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. ആറര പതിറ്റാണ്ടിനോടടുക്കുന്ന അതിന്റെ പാരമ്പര്യത്തിന് വർഷംചെല്ലുംതോറും തിളക്കമേറുകയാണ്. ഐക്യകേരളം പിന്നിട്ട വഴികളിലേക്ക് സഞ്ചരിക്കുമ്പോൾ കേരളം, ഇന്ത്യയ്ക്ക് മാതൃകയാണെന്നു കാണാം. ലോകത്തിനു മുമ്പിൽത്തന്നെ അത് ചില മാതൃകകൾ സൃഷ്ടിച്ചു. 2018-ൽ കേരളത്തിലുണ്ടായ അതിവർഷത്തെ അതിജീവിക്കുന്നതിലും മലയാളിസമൂഹം കാണിച്ച മാനവിക ഐക്യവും അനിതരസാധാരണമായ ധീരതയും ലോകംതന്നെ വാഴ്ത്തുകയുണ്ടായി. പ്രളയാനന്തരം നാല്പതിനായിരം കോടിയോളം രൂപ നഷ്ടം സംഭവിച്ചു. ഇത്രവലിയ ദുർഘട സന്ധിയിലും സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഏറെ ദിവസങ്ങൾ അടഞ്ഞുകിടക്കേണ്ടിവന്നില്ല. ഇത് കേരളത്തിന്റെ മികവുതന്നെയാണ്. യുനെസ്‌കോ അതൊരു പുതിയ അനുഭവമായെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി എന്തിനാണെന്ന ചോദ്യം പല കാലത്തായി പല വരിഷ്ഠ എഴുത്തുകാരിൽനിന്നും ഉയർന്നുകേട്ടിട്ടുണ്ട്. ആറരദശകക്കാലത്തെ അക്കാദമിയുടെ നാൾവഴി അതിനുള്ള ഉത്തരമാണ്. പ്രളയാനന്തരം അതീവദുർബലമായിത്തീർന്ന കേരളീയസാംസ്‌കാരികമനസ്സിനെ ഇച്ഛാശക്തിയോടുകൂടി ഉയിർത്തെഴുന്നേൽപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഈ വർഷം അക്കാദമി ഏർപ്പെട്ടത്. നവകേരളസൃഷ്ടിക്കായി ധനവും ഭാവനാശേഷിയും ഇച്ഛാശക്തിയും സ്വരുക്കൂട്ടുന്നതിനുള്ള യത്‌നങ്ങളാണ് വീണ്ടെടുപ്പ് പദ്ധതി. അതിന്റെ ഭാഗമായി പ്രളയാക്ഷരങ്ങൾ, നവകേരളചിന്തകൾ എന്നീ രണ്ടു പുസ്തകങ്ങൾ അക്കാദമി പ്രസിദ്ധീകരിച്ചു. അറുപതിനായിരത്തിലധികം പ്രതികൾ പ്രചരിപ്പിച്ചുകഴിഞ്ഞു. 2018-നെ ഗ്രസിച്ച മറ്റൊരു ദുരന്തമായിരുന്നു വർഗ്ഗീയഫാസിസത്തിന്റെ തിരനോട്ടം. കേരളത്തെ പിറകോട്ടുനയിക്കുന്ന ആശയങ്ങളെ പുനഃസ്ഥാപിക്കാൻ നടത്തിയ പരിശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിന് മുഖ്യമായും സംസ്‌കാരകേരളത്തെ സഹായിച്ച പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം (പി.ഭാസ്‌കരനുണ്ണി) പ്രസിദ്ധീകരിച്ചതും അക്കാദമിതന്നെയാണ്. ഈയിടെ പ്രസിദ്ധീകരിച്ച ഐക്യകേരളഗ്രന്ഥാവലിയിലെ പത്തുപുസ്തകങ്ങളും കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായ വലിയ വൈജ്ഞാനികപിന്തുണയാണ് നൽകുന്നത്. നവകേരളസൃഷ്ടിയ്ക്ക് അക്ഷരം വെളിച്ചമാകുന്നതിന്റെ മുദ്രയാണ് സാഹിത്യ അക്കാദമി.
ലോകവും ഇന്ത്യയും അയുക്തികമായ ആശയസമുച്ചയങ്ങളിലേയ്ക്ക് മുതലക്കൂപ്പു കുത്തിയ നാളുകൾക്കാണ് ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യദശകവും ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും സാക്ഷ്യംവഹിക്കുന്നത്. എന്നാൽ, കേരളം അതിന്റെ പ്രബുദ്ധമായ നവോത്ഥാനയുക്തികളെ സധൈര്യം പിന്തുടരുകയാണെന്നാണ് 2018 വിളിച്ചുപറഞ്ഞത്. ‘മർത്ത്യവീര്യമീയദ്രിയെ വെല്ലും’ എന്ന വൈലോപ്പിള്ളിദർശനത്തിന്റെ പ്രകാശഗോപുരമായി കേരളം എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാനുള്ള ഇച്ഛാശക്തി നമുക്ക് ഇന്നുണ്ട്.
‘കേരളം-ഓർമ്മസൂചിക 2019’ സാംസ്‌കാരികകേരളത്തിന്റെ നാൾവഴികളെയും അക്ഷരകേരളം ആർജ്ജിച്ച അംബരചുംബിതമായ അഭിജ്ഞാനങ്ങളെയും പുതിയ തലമുറയ്ക്ക് പ്രാപ്യമാക്കുന്ന ഒരു പുസ്തകമാണ്. സാംസ്‌കാരികമനസ്സിനെ ശക്തിപ്പെടുത്താനും സ്വാംശീകരിക്കാനുമുള്ള നിരന്തരപ്രേരണകൾ ഉൽപാദിപ്പിക്കുന്നത് സാഹിത്യമാണ്; സർഗാത്മകമായ പ്രവർത്തനങ്ങളാണ്. സമകാലസമൂഹത്തിൽ സർഗാത്മകതയുടെയും അക്ഷരാഗ്നിയുടെയും സജീവമായ സാന്നിധ്യം ഉണ്ടാക്കുന്നതിന് മുൻനിന്നു പ്രവർത്തിക്കുന്ന സാംസ്‌കാരികസ്ഥാപനങ്ങളെ നേർവഴിക്ക് നയിക്കാൻ കലാ-സാംസ്‌കാരികപ്രവർത്തനങ്ങൾക്കും അതിനു നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്കും കഴിയേണ്ടതുണ്ട്. ആ അർത്ഥത്തിൽ സംസ്‌കാരത്തിലുള്ള ഒരിടപെടലിനുള്ള നാന്ദിയാകാൻ, അല്ലെങ്കിൽ ഉൾപ്രേരകമാകാൻ കേരളം-ഓർമ്മസൂചിക 2019 മാറുമെന്ന് പ്രത്യാശിക്കുന്നു.
ഡോ.കെ.പി.മോഹനൻ
സെക്രട്ടറി
