നിങ്ങൾ പ്രതീക്ഷിക്കുംപോലെ കഥയെഴുതുകയല്ല എന്റെ ജോലി എന്നു കിഷോർ വായനക്കാരനെ ഓർമ്മിപ്പിച്ചു. അവയോരോന്നും രചയിതാവിന്റെ തലച്ചോറിൽ വിസ്‌ഫോടനങ്ങൾ തീർത്ത് പുറത്തേക്കു പ്രവഹിക്കുന്ന ലാവയാണെന്ന് തിരിച്ചറിയുന്നവർ കുറവായിരുന്നു.

കെ രേഖ എഴുതുന്നു

ടി.പി. കിഷോറിന്റെ ജീവിതം അവസാനിച്ചിട്ട് 20 കൊല്ലമാകുന്നു ജീവിതത്തിനും എഴുത്തിനും സ്വയം അടിവരയിട്ട് മടങ്ങിപ്പോകുമ്പോൾ, വളരെ കുറച്ചുകഥകൾ മാത്രമേ കിഷോർ എഴുതിയിരുന്നുള്ളൂ. പക്ഷേ ആ എഴുത്തുജീവിതത്തിന്റെ ഭാരം അദ്ദേഹത്തിന് താങ്ങാനാകുന്നതിലപ്പുറമായിരിക്കണം. കിഷോറിന്റെ പത്തൊൻപതുകഥകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ ആ ചിന്തയെ ബലപ്പെടുത്തുന്ന ഒട്ടേറെ സാക്ഷ്യങ്ങൾ കാണാം. 1977ൽ മാതൃഭൂമി കോളെജ് വിദ്യാർഥികൾക്കായി നടത്തിയ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ സമ്മാനിതമായ ‘അഗ്‌നിമീളേ പുരോഹിതം’ മുതൽ കിഷോറിന്റെ കഥകൾ വേറിട്ടൊരു വഴിയേ സഞ്ചരിച്ചുകൊണ്ടിരുന്നു.

കിഷോറിന്റെ ആദ്യകാലകഥകളിൽ ഒ.വി. വിജയന്റെ സ്വാധീനമുണ്ടെന്ന്‌ കെ.പി. അപ്പൻ അഭിപ്രായപ്പെടുന്നുണ്ട്‌. പക്ഷേ അഗ്രഹാരത്തണുപ്പുള്ള, കോലങ്ങളുടെ ചന്തമുള്ള, ചില വാക്കുകളിലെ, തോളുരുമ്മമില്ലാതെ വിജയന്റെ കൈപിടിച്ചല്ല, കിഷോർ, കഥകളുടെ വഴിയേ നടന്നത്. കിഷോറിന്റെ കഥകളുടെ പ്രത്യേകത അതിന്റെ പ്രവചനാതീത സ്വഭാവമാണ്. ആ കഥകൾ എന്താണു പറയുകയെന്ന് മുൻനിശ്ചയിക്കാൻ വായനക്കാരനെ അനുവദിക്കാത്ത ഒരവസ്ഥ. അഗ്രഹാരങ്ങളുടെ അന്തരീക്ഷം, തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ സംസ്‌കാരം ഒക്കെ ഒരു പക്ഷേ ആവർത്തിച്ചാലും കിഷോർ എന്താണ് എഴുതുകയെന്ന് മുൻകൂട്ടിപ്പറയാൻ നിങ്ങളെ അനുവദിക്കില്ലെന്ന ശാഠ്യം തന്റെ കഥാജീവിതത്തിലുടനീളം കിഷോർ പുലർത്തിപ്പോന്നു. ചിലപ്പോൾ അത് വിപ്ലവത്തെക്കുറിച്ചാകാം. മറ്റുചിലപ്പോൾ നിഗൂഢമായ പെൺമനസ്സിന്റെ ഇരുളാഴങ്ങളെക്കുറിച്ചാകാം. സ്ത്രീപുരുഷബന്ധമോ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന സാമൂഹ്യനിയമങ്ങളോ ഒക്കെ വിഷയമാകാം.
ഒരു മുൻവിധിക്കും തന്റെ കഥ വഴങ്ങരുത് എന്ന ശാഠ്യം കൊണ്ടാകാം ഓരോ കഥയെഴുതാനും കിഷോർ വർഷങ്ങളെടുത്തു. 20 കൊല്ലത്തെ എഴുത്തുജീവിതത്തിനിടയിൽ 30ൽ താഴെ കഥകൾ മാത്രമെഴുതി. അതുമാത്രമല്ല പലപ്പോഴും ആ കഥകളൊന്നും കഥപറച്ചിലിന്റെ നിയമാവലി അനുസരിക്കാൻ മടികാണിച്ചു. കഥയുടെ ആദിമദ്ധ്യാന്തപ്പൊരുത്തങ്ങളോ ചട്ടങ്ങളോ അവ അനുസരിച്ചില്ല. കഥയുടെ സാമ്പ്രദായികഘടനയെ അതു കണ്ടില്ലെന്നു നടിച്ചു. നിങ്ങൾ പ്രതീക്ഷിക്കുംപോലെ കഥയെഴുതുകയല്ല എന്റെ ജോലി എന്നു കിഷോർ വായനക്കാരനെ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ കിഷോറിന്റെ കഥകളെ ഏറ്റുപാടിനടക്കാൻ ആരാധകർ അധികമുണ്ടായിക്കാണില്ല. അവയോരോന്നും രചയിതാവിന്റെ തലച്ചോറിൽ വിസ്‌ഫോടനങ്ങൾ തീർത്ത് പുറത്തേക്കു പ്രവഹിക്കുന്ന ലാവയാണെന്ന് തിരിച്ചറിയുന്നവർ കുറവായിരുന്നു. പുറമേ ശാന്തനെന്നു ഭാവിക്കുന്ന, ശബ്ദഘോഷങ്ങളില്ലാത്ത എഴുത്തുകാരുടെ അന്തർവ്വിസ്‌ഫോടനങ്ങളെ തിരിച്ചറിയുക നല്ല വായനക്കാരന്റെ മാത്രം ജോലിയാകും. ‘ഇക്കണോ കം സോഷ്യോസ്റ്റാറ്റസ്’ എന്ന കഥയുടെ തലക്കെട്ട് വായിക്കുമ്പോൾ ഉള്ളിലേക്കു കടന്നുവരുന്ന ആശയങ്ങളിൽനിന്ന് ഏറെ അകലെയായിരിക്കും കിഷോർ ആ പേരിലൂടെ പറയാനിരിക്കുന്ന കഥ
‘രക്ഷാമാർഗ്ഗം’ എന്ന കഥയിൽ കിഷോർ പറയുന്നതുപോലെ ബോധമനസ്സിന്റെ വെറുമൊരുപാധിയോ രക്ഷാമാർഗ്ഗമോ മാത്രമാണല്ലോ ബോധമനസ്സ്.
ഒടുവിൽ മരണമെന്ന രക്ഷാമാർഗ്ഗം തേടുമ്പോൾ കിഷോറിന്റെ കഥകൾ കിഷോറിലെ മനുഷ്യാത്മാവിനെ അത്രകണ്ട്‌ പിടിച്ചുലച്ചിരിക്കണം.
കെ.പി. അപ്പൻ എഴുതുന്നു:  ”ആത്മഹത്യ ഒരാളുടെ സൃഷ്ടികളെ മികച്ചവയാക്കാറില്ല. സ്വയംഹത്യ നടത്തിയ ഒരു എഴുത്തുകാരന് പ്രോത്സാഹനം ആവശ്യമില്ല. കാരണം, അയാൾ സ്വന്തം ജീവിതത്തിന്റെ ഭാവിയെ നിഷേധിച്ചയാളാണ്. സ്വന്തം കഥയുടെ ഭാവിയെ പരിഗണിക്കാത്ത എഴുത്തുകാരനാണ്. എന്നാൽ ആത്മഹത്യയ്ക്കു ശേഷവും കിഷോറിന്റെ കഥ ഭാവിയിലേക്ക് സഞ്ചരിക്കുകയാണ്.”
”നിരൂപകർ സങ്കേതങ്ങളുടെയും സംജ്ഞകളുടെയും പിന്നാലെ പായുന്ന ഒരു ഘട്ടമായിരുന്നു. കിഷോർ ആകട്ടെ, നിരൂപകർ വാഴ്ത്താനിടയുള്ള സങ്കേതങ്ങൾ ഏവ എന്നു നോക്കി അതിനൊപ്പിച്ചു കഥ എഴുതാൻ തയ്യാറായില്ല. കഥയുടെ രംഗത്തു നേരിട്ട ക്രൂരമായ അവഗണന കിഷോറിന്റെ മനസ്സിനെ മടുപ്പിച്ചിരുന്നുവോ, കിഷോറിനോട് കൂടുതൽ അടുപ്പമുള്ള പലരും അങ്ങനെ പറയുന്നു. തന്റെ കഥകൾ പ്രസക്തങ്ങളാണെന്നും നിലനിൽക്കുന്നതാണെന്നും കിഷോറിനു ബോധ്യമുïായിരുന്നു.”-പ്രഭാ വർമ്മ കിഷോറിന്റെ എഴുത്തുജീവിതത്തെ ഇങ്ങനെ ഓർക്കുന്നു.
കഥകൾ എങ്ങനെ ഒരാളുടെ കഴുത്തുഞെരിക്കുന്ന കുരുക്കായി മാറുന്നു എന്നതിന്റെ അന്വേഷണം കൂടിയാണ് കിഷോറിന്റെ കഥകളിലൂടെയുള്ള സഞ്ചാരം.
”സുരതം കഴിഞ്ഞുള്ള ആലസ്യത്തിലെന്ന പോലെ തളർന്നുകിടക്കുന്ന പരിസരം” എന്ന് ആദ്യകഥയിലെ ആദ്യവരി കുറിക്കുമ്പോൾ കിഷോറിന് 20 വയസ്സുപോലും തികഞ്ഞിട്ടില്ല. ‘അഗ്‌നിമീളേ പുരോഹിതം’ എന്ന അക്കഥയിലെ ചിത്തിരവാദ്ധ്യാർ തിരിച്ചറിയുന്ന സത്യം അദ്ദേഹം ശിഷ്യനെ ഓർമ്മിപ്പിക്കുന്ന സത്യം-അതിങ്ങനെയാണ്- ”ഇന്തകാലത്തിലെ ഹിരണ്യൻ നാട്ടിലെ പോനാക്കാ ഹിരണ്യായ നമ ചൊല്ലണം. നീയും ചൊല്ലണം. ഞാനും ചൊല്ലണം. എങ്ക അണ്ണാവും ചൊല്ലണം.” സോഡാക്കാരത്തിന്റെയും ഉഴുന്നിന്റെയും ഗന്ധമുള്ള തെരുവിലൂടെ ചിത്തിരവാദ്ധ്യാർ നടന്നുപോകുമ്പോൾ ഒരു പുതിയ ഭാവുകത്വത്തിന്റെ ഗന്ധം മലയാളം അനുഭവിക്കുകയായിരുന്നു.
‘ശ്രീരഞ്ജിനി’ എന്ന കഥ ഭാഷകൊണ്ടും പ്രമേയം കൊണ്ടും പുതുമ തീർക്കുന്ന ഒന്നാണ്. ”ചില്ലുകൾക്കിടയിലിരുന്ന് ഓന്ത് കണ്ണുചിമ്മിക്കാട്ടി. ചുവന്ന കഴുത്ത്, കറുത്ത കാലും വാലും. മേറ്റിങ് സീസൺ. ശിഖയും ചെതുമ്പലുമൊക്കെ ഉïെങ്കിലും തവിട്ടുനിറക്കാരന് ഒരു ശ്രീയില്ല. റൊമാന്റിക് കട്ടുമില്ല. ജാരനാവാൻ പറ്റിയത് പച്ചനിറക്കാരനാണ്.” സ്ത്രീമനസ്സിന്റെ വിചിത്രമായ സഞ്ചാരം ഈ കഥ ഭംഗിയായി രേഖപ്പെടുത്തുന്നു.


ചിലപ്പോഴെങ്കിലും കിഷോറിന്റെ കഥകൾ ദുരൂഹതയുടെ കുപ്പായങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കും. ആ കഥയെ കഥയായി കണ്ടെടുക്കാൻ വായനക്കാരന് നല്ല ശ്രമവും അദ്ധ്വാനവും വേണ്ടിവവരും. കിഷോറിന്റെ മുൻതലമുറയിലെ ആധുനികരുടെ കഥകളിലെ ദയാരഹിതമായ ദുരൂഹതയല്ല അത്. വായനക്കാരനുമായി ഹൃദയംകൊണ്ടുള്ള ഒരു ഒളിച്ചുകളിയാണ്. ‘ചുവന്ന തിളക്കങ്ങൾ’ എന്ന കഥ അത്തരത്തിലൊന്നാണ്. ഇക്കഥയിലെ സുചിത്രയോടുള്ള ആത്മഭാഷണങ്ങളിൽ വിനു പറയുന്നു- ”ഇല്ല, എനിക്കറിയില്ലായിരുന്നു. നിന്നെപ്പോലൊരുവൾക്ക് ഒരു നായെ പോറ്റാനാവില്ലെന്ന്. നായെ വളർത്താൻ അല്പം കൂടി ആത്മബലം വേണമെന്നേ. നിനക്ക് ഈ സയാമീസ് പൂച്ചക്കുട്ടി തന്നെ മതി.
‘നിഴൽക്കുത്ത്’ എന്ന കഥയിലെ നിഷിയും കഥപറച്ചിലുകാരിയായ മുത്തശ്ശിയും പുതുവയ്‌ക്കോലിന്റെ മണമുള്ള മുത്തശ്ശിയുടെ മാറിടവും സർപ്പപ്പൂവിന്റെ ഗന്ധമുള്ള ചെകുത്താനും വെറ്റില ഞെരടിയ മണമുള്ള കാറ്റും അലസിപ്പോയ മഴവില്ലിന്റെ ഭ്രൂണവും കഥയെ ഒന്നായി വിഴുങ്ങാൻ പാകത്തിന് വലുതായി മാറുന്ന കുന്നും- കാല്പനികഭംഗിയുള്ള ഭാഷകൊണ്ടും പരിസരംകൊണ്ടും യാഥാർത്ഥ്യത്തിന്റെ ഭീകരതയെ അനാവരണം ചെയ്യുന്നുണ്ട്‌. നിഴൽക്കുത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: ”ചുവപ്പുപുരണ്ട ഒരു പാറ മുത്താച്ചിയുടെ പിറകിൽ ശക്തിയായി വന്നിടിച്ചു. പാറയ്ക്ക് നിറം മങ്ങി.”
മെർലിൻ മൺറോയും ജൂലി ആൻഡ്രൂസുമൊക്കെ ഇടയ്ക്കു  കടന്നുവരുന്നുണ്ടെങ്കിലും പൂർണ്ണമായും അഗ്രഹാരമണമുള്ള കഥയാണ് ‘ദേവതാളം’. ചുണ്ണാമ്പുമണവും വെളുത്ത കോലങ്ങളും നിറഞ്ഞ അഗ്രഹാരം. ആ പരിസരത്തെ കഥകൾ പറയുമ്പോൾ കിഷോർ ഒരു കവിയെപ്പോലെ വാചാലനാകുന്നുï്. ”ആൽമരത്തിൽ സീതത്താലികൾ മുടിയുലച്ചു. കാറ്റടിച്ചപ്പോഴൊക്കെ അമ്പലക്കുളത്തിന്റെ കൽപ്പടവുകളിൽ പരജീവിതത്തിനടിവരയിട്ട് ഗായത്രികൾ സമാധിയുണർന്നു. മഞ്ഞണിഞ്ഞ നാഗങ്ങൾ. കരികറുത്ത നവഗ്രഹങ്ങൾ, നിത്യദാഹത്തിന്റെ പടർസിരകളുമായി അസുരപ്പുല്ല്. ഇരുട്ടിന്റെ കീറവലയ്ക്ക് ഗ്രഹണവേഗത്തിൽ പതനം. വട്ടംചുറ്റുന്ന വാവലുകളുടെ അമോഘനിഴലുകൾ, വൃദ്ധിക്ഷയം സംഭവിച്ച നക്ഷത്രങ്ങൾ, ആകാശമൊരു പഴഞ്ചൻ ശീലക്കുട. നാലുകോട്ടകൾക്കുള്ളിൽ അഗ്രഹാരം, കൈക്കുഞ്ഞ്, അഭക്ഷ്യഭക്ഷണം, അഗമ്യഗമനം….” ചുപ്പാമണിയുടെയും പിച്ചുമാമിയുടെയും ചിത്തിരവാധ്യാരുടെയും കഥയേക്കാൾ ഈ അന്തരീക്ഷത്തിൽ ഉയരുന്ന ഗന്ധവും പുകയും കഥയെ ഒരു പ്രത്യേക തലത്തിലെത്തിക്കുന്നു.
കഥപറച്ചിൽ കിഷോറിന് എളുപ്പമുള്ള ജോലിയല്ല. അതുകൊïുതന്നെ അതിന് അദ്ദേഹം സ്വീകരിച്ച ഭാഷയും ഗൗരവമുള്ളതായിരുന്നു. പക്ഷേ ചിലപ്പോഴെങ്കിലും ഒരു ചെറിയ ചിരിയോടെ കഥ പറയാൻ കിഷോർ ശ്രമിക്കുന്നുണ്ട്‌. ‘അന്യാപദേശം’ എന്ന കഥ നോക്കുക.
ആ പഴയ ന്യായാധിപൻ ഒറ്റച്ചോദ്യമാണു ചോദിച്ചത്.
നിന്റെ പേരെന്തുവാടാ?
ശിവശങ്കരന്നായരെന്ന്.
കഴ്‌വേറ്ടമോനെ, നായരാരുന്നോ? എന്നാലതങ്ങ് നേരത്തേ പറഞ്ഞൂടായിരുന്നോടാ?”
ഈ കഥ ഒരു രാഷ്ട്രീയകഥ കൂടിയാണ്
.”
നമ്മുടേതാകെ മിഥ്യാദർശനങ്ങൾ. എല്ലാം ചാവുകടലിലെ ആപ്പിൾപ്പഴങ്ങൾ, വസുന്ധര, എന്റെ സൂക്ഷ്മവാഹിനികളിലാകെ വെളുത്ത പുക നിറയുന്നു. മൗനത്തിന്റെ വിജനതയുടെ വരïപുക. മിഥ്യകൾ പൂപ്പൽ പിടിച്ചിരിക്കുന്ന മനസ്സിലേക്ക് ഇളംവെയിലിന്റെ സൂക്ഷ്മശൈത്യവുമായി കടന്നുവരുന്ന ഓർമ്മപ്പിഴകൾ. നമുക്ക് സ്വപ്‌നചേതനയിലെ ഭൂതകാലമേഘങ്ങൾക്കൊരു കടിഞ്ഞാണിടേïിയിരിക്കുന്നു, വസുന്ധര..” നിരാശതയുടെ തിരിച്ചറിവുകളിലേക്ക് മടങ്ങിപ്പോയ ഒരു തലമുറയുടെ മുഴുവൻ ധർമ്മസങ്കടങ്ങളും ഈ കഥയിൽ ഘനീഭവിച്ചുകിടക്കുന്നുï്.
‘നാടുഗദ്ദിക’ എന്ന കഥയും സമാനമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്‌. ”ഇരുട്ടിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ ശ്രമിച്ച ചീവീടിന്റെ പരാജയബോധത്തിൽ ഭൂമിയുടെ മാതൃത്വത്തിനു മുറിവേൽക്കുന്നു. പാതിരാവിൽ നീലനിറമുള്ള ഒരു പൂവുവിരിയുന്നു. ചങ്കിന്റെ നോവ്… ചോരയുടെ ചൂട്… തെറ്റില്ലാത്ത ശില്പഭംഗി. പക്ഷേ ഉണർത്തുപാട്ടെഴുതുന്ന ചെപ്പടിവിദ്യ നീ എന്നുതുടങ്ങിയെന്ന് എനിക്കറിഞ്ഞുകൂടേ?” എഴുപതുകളിലെ, ചെറുപ്പത്തിന്റെ സംഘർഷം അനുഭവിച്ച ഒരു തലമുറയ്ക്ക് ഇങ്ങനെ കുറിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ചരിത്രത്തിന്റെ നേരേ കണ്ണടയ്ക്കുന്നതിനു തുല്യമാകും. എഴുത്തിൽ സത്യസന്ധത പുലർത്തുന്ന ഒരാൾക്ക് അങ്ങനെ കണ്ണടയ്ക്കാൻ പ്രയാസവും.
‘ഗാന്ധിജിയുടെ ഒസ്യത്ത്’ എന്ന കഥയും രാഷ്ട്രീയകഥയായി തന്നെ വായിക്കണം. രാഷ്ട്രപിതാവിന്റെ ബാങ്ക് അക്കൌണ്ടിൽ മിച്ചമുïെന്ന വാർത്തയുടെ വിശകലനവും ഇവിടെ കാണാം. ഭരണഘടനയും ആദർശ് നഗറായി മാറിയ വേണ്ടാമൂല എന്ന സ്ഥലവും എല്ലാം ഇടകലർന്ന് ഒരു പുതിയ രാഷ്ട്രീയമാനം കൈവരിക്കുന്നുണ്ട്‌. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇക്കഥ പലരീതിയിലും വായിക്കാവുന്നതും വ്യാഖ്യാനം ചെയ്യാവുന്നതുമാണ്.
‘ജീവിതരാഗം’ എന്ന കഥ മലയാളത്തിലെ, പാരിസ്ഥിതിക വീക്ഷണം പുലർത്തുന്ന, ഏറ്റവും മികച്ച കഥയായി പുതിയ കാലത്തിനു വായിച്ചെടുക്കാനാകും. പരിസ്ഥിതിചിന്തകൾ കഥയിലേക്ക് അധികമായി കടന്നുവരാത്ത ഒരു കാലത്ത് മണ്ണിന്റെയും കാറ്റിന്റെയും സൂര്യന്റെയും കാക്കയുടെയുമൊക്കെ മനസ്സുവായിച്ചെഴുതിയ കിഷോർ ദർശനങ്ങളിലും വീക്ഷണത്തിലും ഒരുപടി മുൻപേ നടക്കുകയായിരുന്നു എന്നും പറയാം.’അമ്മയില്ലാത്ത കുട്ടികൾ’ എന്ന കഥയിലെ ദമ്പതികൾ, പാതിരായ്ക്കായിരുന്നു മുഹൂർത്തമെന്നതൊഴിച്ചാൽ മറ്റുപുതുമകളൊന്നുമില്ലാതെ, വീട്ടുകാരുടെയും നവഗ്രഹങ്ങളുടെയും ഗൂഢാലോചനയെത്തുടർന്ന് വിവാഹിതരായവരാണ്. തെൽമ കിടപ്പറയിൽ ആമസോൺ കാടുകളിലെ പെൺചിലന്തിയുടെ വീറുകാണിച്ചു എന്നും കിഷോർ എഴുതുന്നുï്. അതിസൗഹൃദത്തിന്റെ ഏതോ ഘട്ടത്തിൽവെച്ച് അനിവാര്യമായ ഒരു അപരിചിതത്വം തങ്ങളെ തേടിയെത്തിയിരിക്കുന്നുവെന്ന് ഇരുവർക്കും മനസ്സിലായി. കടലിന്റെ വലിപ്പമുള്ള ഒരു ശോകത്തിൽ, ദാഹജലത്തിന്റെ സ്‌നേഹാധിക്യത്തിൽ രരണ്ട്‌ ശ്വേതബിന്ദുക്കൾ ജീവിതം ത്യജിച്ചു എന്ന് കിഷോർ എഴുതിയത് 1982-ലാണ്. (വിജയന്റെ ജൈവബിന്ദുക്കൾ നടക്കാനിറങ്ങുന്നതിനും വളരെ മുൻപേ)
‘സ്‌നേഹനാഥന്റെ മരണം ഒരു ഭാവരേഖ’ എന്ന കഥയിൽ മരണത്തിന്റെയും ജീവിതത്തിന്റെയും വിശകലനങ്ങളുണ്ട്‌. ജീവിക്കുക എന്നതിനേക്കാൾ ജീവിച്ചിരുന്നുവെന്നതിന് തെളിവുണ്ടാക്കാൻ ബദ്ധപ്പെടുന്നവരുടെ പേപിടിച്ച ലോകം എന്ന് കിഷോറിവിടെ കുറിക്കുന്നു. ”സ്‌നേഹനാഥന് മടുപ്പുതോന്നി. അപാരമായ മടുപ്പ്. ആലസ്യം ഒന്നും പ്രവർത്തിക്കാതിരിക്കണമെന്ന തോന്നൽ. അയാൾ കണ്ണുകളടച്ചു. ഭൂമിയിൽ ഒച്ചയറ്റതുപോലെ തോന്നി. സ്‌നേഹനാഥന്. ശബ്ദം മാത്രമല്ല. വെളിച്ചം, ചലനം, ഗന്ധം നിറങ്ങൾ, ഭൂമിക്ക് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു…” ഇക്കഥ ഒരുപക്ഷേ കിഷോറിന്റെ ആത്മഹത്യാക്കുറിപ്പായി പോലും വായിച്ചെടുക്കാവുന്നതാണ്. ഈ കഥയെഴുതിയ കിഷോറിന് ഭൂമിയിലെ ജീവിതം അങ്ങേയറ്റം ദുസ്സഹമാവാനേ നിവൃത്തിയുള്ളൂ.
‘ഇഹജന്മനി, പൂർവ്വജന്മനി ജന്മജന്മാന്തരേഷു..’.എന്ന കഥയ്ക്കും മരണത്തിന്റെ ഗന്ധമുണ്ട്‌. അഗ്രഹാരം പശ്ചാത്തലമാകുന്ന ഇക്കഥയിലെ വേലായുധനും വീരമണിയും ചുടുകാടും ഹോമശ്രാദ്ധവും ബലിക്കാക്കകളുമെല്ലാം മരണത്തിന്റെ ഇരുട്ടുനിറയ്ക്കുന്നു.
കവിത തുളുമ്പുന്ന വരികളുടെ പെരുമഴ കിഷോർ കഥകളിൽ എമ്പാടും കുട നിവർത്തുന്നുണ്ട്‌. ‘മഴവില്ലിലില്ലാത്ത നിറങ്ങൾ’ എന്ന കഥയിലെ ആദ്യവരി നോക്കുക.
”മഴവില്ലിലില്ലാത്ത വ്രീളമായ നിറങ്ങളിൽ ഭൂമി ത്രസിച്ചുനിന്ന സന്ധ്യയായിരുന്നു. മലമുകളിലെ കൂറ്റൻപാറ ഒറ്റമുലച്ചിയുടെ കറുത്ത മാറിടംപോലെ ആകാശത്തേക്ക് കുതികൊണ്ട്‌ നിന്നു.”
കഥയുടെ കാർമ്മേഘങ്ങൾ മൂടിയില്ലായിരുന്നെങ്കിൽ കിഷോറിന്റെ ഹൃദയാക്ഷരങ്ങൾ കവിതയുടെ ഓളങ്ങളിൽ ഉലയുമായിരുന്നു.
”കിഷോറിന്റെ കഥകളുടെ പ്രത്യേകത അതിന്റെ ദൃശ്യാത്മകതയാണ്. വ്യത്യസ്ത നിറങ്ങൾകൊണ്ടു വരച്ച ചിത്രങ്ങൾ ചേർത്തുവെയ്ക്കുന്ന അനുഭവങ്ങളാണ് ഓരോ കഥയുടേതും. ചിത്രകാരനാകാൻ ആഗ്രഹിച്ച കിഷോർ അത് കഥയിൽ വാക്കുകൾകൊണ്ട്‌ സാക്ഷാത്കരിക്കുന്നു.” കിഷോർ കഥകളെക്കുറിച്ചു പ്രദീപ് പനങ്ങാട് അഭിപ്രായപ്പെടുന്നു.
കറുത്ത ഡിസംബർ’ എന്ന കഥയിൽ കിഷോർ പ്രതീക്ഷയോടെ പറഞ്ഞുവയ്ക്കുന്നുണ്ട്‌- ”ആരാണ് പറഞ്ഞത്, കിഴവന്മാർക്ക് ഭാവനയില്ലെന്ന്. ഗ്രാൻഡ് പാ മിറാൻഡ തന്റെ നല്ല കവിതകളൊക്കെ എഴുതിയത് അറുപതിനുശേഷമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. എന്നും ഹൃദയത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിച്ച മിറാൻഡ നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച്, ഒരു ചിത്രശലഭത്തിന്റെ വർണപ്പകിട്ടോടെ….”
‘നാടുഗദ്ദിക’ എന്ന കഥയിൽ കിഷോർ എഴുതുന്നതിങ്ങനെ- ” എഴുതിത്തെളിയേïവൻ നീ…എഴുതണം. പക്ഷേ, ഇപ്പോഴത്തെ ഈ നിരുപദ്രവിയായ എഴുത്തൊന്നും പോരാ. തീപോലെ തീക്ഷ്ണമാവണം ശൈലി. തലയോടുപോലെ ദിഗംബരവും. ഒരായുധപ്പുര, ഒരാവനാഴി, അതേ, ഒരു ഡിഗോഗാർഷ്യയാവണം ഉത്തമനായ ഒരെഴുത്തുകാരന്റെ മനസ്സ്…”
കിഷോറിന്റെ എഴുത്തുജീവിതത്തിന്റെ ശക്തമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ വരികൾ.
കഥയിലൂടെ എഴുത്തിലെ തന്റെ വീക്ഷണംകൂടി പറഞ്ഞുവച്ചിട്ടാണ് കിഷോർ മടങ്ങിപ്പോയത്. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് കിഷോർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു- ”എല്ലാവരും നിയതപ്രവാഹങ്ങളിൽപ്പെട്ടൊഴുകുമ്പോൾ മറ്റൊരാൾ…അല്ലെങ്കിൽ ഇതിലൊരാൾ കൂടി…കൂട്ടംതെറ്റിയൊഴുകുന്നെങ്കിൽ തെറ്റെന്ത്?


കൂട്ടംതെറ്റിയൊഴുകിയ ആ വരികൾ ഇരുപതോ മുപ്പതോ നാല്പതോ വർഷം കഴിഞ്ഞും വായിക്കുമ്പോൾ അതിനു കാലികപ്രസക്തിയും പൊരുളും ഉണ്ടാകുന്നെങ്കിൽ, മരണത്തിനും കഴുത്തുഞെരിച്ചുകൊല്ലാനാകുന്നില്ല ആ വാക്കുകളെ എന്നു തന്നെയാണ് അർത്ഥം.

ഗ്രന്ഥസൂചി
ടി.പി.കിഷോറിന്റെ കഥകൾ- ടി.പി. കിഷോർ, ഡി.സി.ബുക്‌സ്, 1999 അവതാരിക കെ.പി.അപ്പൻ
കിഷോറിനോടു ക്ഷമിക്കുക; സ്‌നേഹിക്കുകയും ചെയ്യുക-പ്രഭാവർമ്മ
ടി.പി.കിഷോർ കഥാജീവിതത്തിന് ഒരടിക്കുറിപ്പ്- പ്രദീപ് പനങ്ങാട്

Leave a comment